നാ സ്ത്രീ സ്വാതന്ത്ര്യം അർഹതി

   രാഷ്ട്രീയം ഒരു അല്പം നേരത്തേക്ക് മാറ്റി വെക്കാം . തിരഞ്ഞെടുപ്പ് കാലത്ത് അതെങ്ങനെ മാറ്റി വെക്കും എന്ന് തിരിച്ചു ചോദിക്കുന്നവരോട് മറുപടി പറയാൻ നിൽക്കുന്നില്ല . കഴിഞ്ഞ രണ്ടു മാസങ്ങളായിട്ടു രാഷ്ട്രീയമല്ലാത്ത ഒറ്റ വിഷയവും മാധ്യമങ്ങളിൽ വരുന്നില്ല. ജൂൺ മാസം കഴിയുന്നത് വരെ അതിനു ഒരു മാറ്റവും വരാൻ പോകുന്നില്ല .തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഒരു ജനാധിപത്യ രാജ്യത്തു വളരെ അധികം പ്രാധാന്യമുണ്ട് . എന്നിരുന്നാലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ രാജ്യത്തു നടക്കുന്ന മറ്റൊരു വിഷയവും ചർച്ച ചെയ്യേണ്ടതില്ലെന്ന് നാം എന്തുകൊണ്ടോ തീരുമാനിച്ചിരിക്കുന്നു.

ഗാർഹിക പീഢനം ഭാരതത്തിൽ കുറ്റകരമാക്കേണ്ട കാര്യമില്ലെന്നും അത് ഭാരതത്തിലെ കുടുംബ ബന്ധിതമായ സംസ്കാരത്തെ തച്ചുടയ്ക്കുമെന്നും , ലിംഗ സമത്വത്തിന്റെ പേരിലുള്ള ചരിത്രപരമായ വിധികൾ പുറപ്പെടുവിച്ചു ലിംഗ വിവേചന സമരത്തിന്റെ ചൂട്ടുപിടിക്കുന്ന ആളായി സ്വയം അവരോധിച്ച ഒരു മുൻ സുപ്രീം കോടതി ന്യായാധിപൻ,  കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ട വാർത്ത വായിച്ചതിന്റെ അനന്തര ഫലമായിട്ടാണ് ഇത് എഴുതാൻ തീരുമാനിക്കുന്നത്. എഴുതി വരുമ്പോഴ് വീണ്ടും ആരെയെങ്കിലുമൊക്കെ കുറ്റപ്പെടുത്തിയിട്ട് ഈ സിസ്റ്റം ഒന്നും ശെരിയല്ല എന്നും പറഞ്ഞു നിർത്തേണ്ടി വരുമോ എന്ന് ഒരു നിശ്ചയവുമില്ല . എന്തായാലും എഴുതി തുടങ്ങിയതല്ലേ , അത് തുടരട്ടെ .

കാലാകാലങ്ങളായി സ്ത്രീകൾ അബലകളാണെന്നു പറയാതെ പറഞ്ഞു പഠിപ്പിക്കുന്ന ഒരു കൊളോണിയൽ പാട്രിയാർക്കിക്കൽ സംസ്കാരം , കൊളോണിയലിസം ഗുഡ് ബൈ പറഞ്ഞു ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും ഭാരതത്തിൽ അതിന്റെ ആത്‌മാവിന്റെ ആഴത്തിൽ പതിഞ്ഞു കിടക്കുന്നു എന്നത് ഭാരതീയനെന്ന നിലയിൽ അഭിമാനാർഹമായ നേട്ടമാണെന്ന് ഞാൻ കരുതുന്നില്ല . വാഹനം ഓടിച്ചു പോകുന്ന സ്ത്രീകളെ കാണുമ്പോഴും , ടീഷർട്ടും ജീൻസുമിട്ട പെൺകുട്ടി റോഡിലൂടെ നടന്നു പോകുമ്പോഴും , സുഹൃത്തുക്കൾക്കൊപ്പം പബ്ബിൽ വന്നിരിക്കുന്ന പെൺകുട്ടിയെ കാണുമ്പോഴും ഒക്കെ  ഉള്ളിലെ ഈ സെക്സിസ്റ് പലവരിലും ഉണർന്നു വരുന്നത് കാണാറുണ്ട്. ദിനം  പ്രതി കാണുന്ന പലതരം കാഴ്ചകളിൽ ഈ ഒരു മാനസികാവസ്ഥ പ്രകടമാകുന്ന കാഴ്ചകൾ ഒട്ടനവധിയാണ് . ചിലയവസരങ്ങളിലെങ്കിലും ഞാനും അറിയാതെ അതിനു ഭാഗമാകുന്നു എന്നത് സമ്മതിക്കാതെ നിർവാഹമില്ല .

ഇത് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കണ്ടിട്ടുണ്ടെങ്കിലും മിക്കപ്പോഴും അത് ചർച്ചകളിൽ മാത്രം ഒതുങ്ങി പോകുന്നത് വേദനാജനകമായ കാര്യമാണ്. ഈ മാനസികാവസ്ഥയുടെ അനന്തരഫലങ്ങളായി പൊതു നിരത്തിലും തൊഴിൽ മേഖലയിലും വേതനം നിര്ണയിക്കുന്നതിലും സ്ത്രീ സുരക്ഷയുടെ കാര്യത്തിലും ഒക്കെ ഒട്ടനവധി പ്രശ്നങ്ങൾ നിലനിന്നു വരുന്നുണ്ട് . പക്ഷെ ഇന്ന് പറയാനുദ്ദേശിക്കുന്നതു കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിലും രാജ്യത്തൊട്ടാകെയുമായി കണ്ടു വരുന്ന ദാരുണമായ പീഡനകഥകളെ നമ്മൾ നോക്കിക്കാണുന്നതിനെ കുറിച്ചാണ് . 

കശ്മീരിലെ പിഞ്ചു പെൺകുട്ടിയുടെ ദാരുണമായ പീഡനവും കൊലപാതകവും നടന്നപ്പോൾ ചില പ്രത്യേക രാഷ്ട്രീയ പാർട്ടിയിലെ പ്രവർത്തകർ ഉൾപെട്ടിരുന്നതുകൊണ്ടു ചിലർ പ്രതികരിക്കാൻ തയ്യാറാവാഞ്ഞത് കണ്ടു .ഹാഷ് ടാഗ് ക്യാമ്പയിനുകളും പൊളിറ്റിക്കൽ മയിലെജ്ജും കിട്ടിയത് മുതൽ നിരത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച ആങ്ങളമാരെ കാണ്മാണ്ടായി. നഷ്ടപ്പെട്ടത് അപ്പോഴും ആ കുഞ്ഞിനും വീട്ടുകാർക്കും മാത്രമാണല്ലോ . 

സ്ത്രീയെ ദേവിയായി കാണുന്ന സംസ്കാരം പുരാതനകാലം മുതൽക്കേ ഭാരതത്തിൽ ഉണ്ട് . പക്ഷെ അത് അനുദിനം പ്രസംഗിച്ചു നടക്കുന്നവർ ആ സംസ്കാരത്തെ മറന്നിട്ടു ഭാരതത്തിൽ നിന്നാണ് ആ സംസ്കാരം ഉടലെടുത്തത് എന്നതിൽ മാത്രം ഊന്നിക്കൊണ്ടു ദേശീയമായ വികാരം ഉണർത്തിയിട്ടു പുളകം കൊണ്ട് നടക്കുന്നു. ഇതേ ആൾക്കാർ ഉത്തർ പ്രദേശിൽ വളരെ ദാരുണമായ ഒരു പീഡനം ഒരു പിഞ്ചു കുട്ടിക്ക് നേരിടേണ്ടി വന്നപ്പോൾ സ്ത്രീ ദേവിയായ കാര്യം സംസാരിക്കാൻ ഭയപ്പെട്ടു . അന്നും അവർ പറഞ്ഞത് ഭാരതത്തിൽ പണ്ട് കാലം മുതൽക്കേ സ്ത്രീയെ ദേവിയായാണ് കണ്ടിരുന്നത് എന്നാണു . ആ സംസ്കാരം സ്വയം മറന്നു പോയിരിക്കുന്നുവെന്നു അവർ മനസ്സിലാക്കിയില്ല . രാഷ്ട്രീയം തന്നെ കാരണം.

അന്നും ഉണ്ടായിരുന്നു ചാനൽ ചർച്ചകളും നാടകീയമായ രാഷ്ട്രീയ ആക്രോശങ്ങളും മുറവിളികളും . ഒൻപതു മണിക്ക്  വാർത്താ ചാനലിൽ വന്നിരുന്നു ഓരോ പാർട്ടിക്കാരനും മറ്റു പാർട്ടിയിലെ ആളുകൾ ചെയ്ത അധമങ്ങളായ പ്രവർത്തികൾ അക്കമിട്ടു നിരത്തികൊണ്ടിരുന്നു. താൻ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകർ മറ്റു പ്രസ്ഥാനങ്ങളെ അപേക്ഷിച്ചു റേപ്പ് കേസുകളിൽ പ്രതികളായിരിക്കുന്നതു കുറവാണെന്നു പറഞ്ഞു
നമ്മളിലെ  ഒരു വിഭാഗം ഉല്ലസിച്ചു. മൂല്യച്യുതിയും പാപ്പരത്വവും അല്ലാതെന്തു പറയാൻ .

അതിനിടയിൽ സ്ത്രീ ശാക്തീകരണത്തിന്റെ ബാനർ നെറ്റിയിലൊട്ടിച്ചു നടന്നിരുന്ന ഒരു അഭിഭാഷക ഹൈ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒരു റേപ്പ് കേസ് പ്രതിക്ക് വേണ്ടി ലക്ഷങ്ങളുടെ ചിലവിൽ സുപ്രീം കോർട്ടിൽ അപ്പീലിന് പോകുന്നത് കണ്ടു . മറ്റു ചില മുൻ നിര സ്വതന്ത്ര ചിന്തകർ സമുദായം തിരിച്ചും പാർട്ടി തിരിച്ചും ഒക്കെ ഒരു സെലെക്ടിവ് പരിപാടി തുടങ്ങി . ഏതൊക്കെ വിഷയങ്ങളിൽ പ്രതികരിച്ചാൽ ആണ് തനിക്കു ഗുണം എന്നത് ഈ സെലെക്ടിവ് പ്രതികരണങ്ങൾക്ക് അടിസ്ഥാനമായി മാറി.

മീ  ടൂ വെളിപ്പെടുത്തലുകൾ ഭാരതത്തിലും വന്നു തുടങ്ങിയ സമയത്തു പല മാന്യ മുഖങ്ങൾക്കും കറ പുരണ്ടു തുടങ്ങുന്നത് കണ്ടു . അവിടെയും നാം രാഷ്ട്രീയം തിരിച്ചു സ്വേച്ഛയ്ക്ക് അനുയോജ്യമായ തരത്തിൽ നമ്മുടെ കപട മുഖം ഊട്ടി ഉറപ്പിച്ചുകൊണ്ടേയിരുന്നു .

ല്യൂടിയൻസ്ഡൽഹിയിലെ ഒരു പ്രശസ്ത മാധ്യമ പ്രവർത്തകൻ ഇതിൽ ആരോപിതനായപ്പോഴ് അദ്ദേഹത്തിന്റെ മകളും ക്യാമ്പയിൻ തുടങ്ങി വെച്ചവരിൽ ഒരാളുമായ കലാകാരി പറഞ്ഞു -” എന്റെ അച്ഛൻ പാവമാണ് , ഇത് ഇന്ന പാർട്ടിക്കാരുടെ പ്രതികാര ലാഞ്ചനയുടെ ഫലമാണ് “. താനും തന്റെ കുടുമ്പവും താൻ ഇഷ്ടപ്പെടുന്ന ആളുകളും താൻ അനുഭാവിയായിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാത്രം പാവങ്ങൾ . ഒരൊറ്റ വരിയും ഒരു മാധ്യമവും അങ്ങേരുടെ പേര് പോലും പരാമർശിച്ചു കണ്ടില്ല. മാധ്യമ ധർമമേ നിനക്ക് എന്റെ സ്നേഹം നിറഞ്ഞ കൂപ്പുകൈ .

മീ ടു തുറന്നു പറച്ചിലുകളിൽ കുറച്ചെണ്ണമെങ്കിലും മിഥ്യകളും പകപോക്കലുകളുമായിരിക്കാം . പക്ഷെ അതിനെ ഒന്നടങ്കം ആക്ഷേപിച്ചു ‘സ്ലട് ഷെയ്മിങ്ങിലേയ്ക്ക് ‘ കൊണ്ടെത്തിക്കുന്ന ഷോവിനിസവും പ്രകടമായിരുന്നു. അത് പ്രമുഖന്മാരുടെ കാമ ചേഷ്ടകൾക്ക് ഇരകളാകേണ്ടി വന്ന പെൺകുട്ടികളെ അപമാനിക്കൽ കൂടിയാണ് എന്ന് പലരും മറന്നു. ഇങ്ങനെ സ്ലട് ഷെയ്മിങ്ങിൽ ഏർപ്പെട്ട ചിലർ തന്നെ ആണ് നേരത്തെ പറഞ്ഞ ആങ്ങളമാരായി സാമൂഹിക മാധ്യമങ്ങളിൽ കത്തി കയറിയത് എന്നത് നമ്മുടെ ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നു .

ഒടുവിൽ എന്നത്തേയും പോലെ കശ്മീരിലെ പെൺകുട്ടിയുടെ വാർത്തയും മീ ടൂ വാർത്തകളും കടന്നു പോയി. നമ്മൾ പിന്നീടൊരിക്കലും അതിനെ പറ്റി ഒന്ന് ഗൂഗിൾ ചെയ്യുക പോലും ഉണ്ടായില്ല.

ഒടുവിൽ കേരളത്തിലെ ഒരു വൈദികന്റെ അറസ്റ്റ് വൈകിയതും ,മറ്റൊരു നിയമസഭാ സാമാജികനെതിരെ സ്വന്തം പാർട്ടിക്കാരി തന്നെ ആരോപണം ഉന്നയിച്ചപ്പോഴും, നാടോടി ബാലികയെ പിച്ചി ചീന്തിയപ്പോഴും പ്രേമാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ ചുട്ടു കരിച്ചപ്പോഴും സാംസ്‌കാരിക കേരളത്തിലെ ജനങ്ങൾ , നമ്മൾ ജനങ്ങൾ ,മൗനം പാലിച്ചു. നേരത്തെ കാശ്മീരിൽ പ്രതികരിച്ചു ഫേസ്ബുക്കിൽ പ്രൊഫൈൽ പിക്ചർ മാറ്റിയവർ ഇപ്പോഴ് മിണ്ടാതിരുന്നു . തിരഞ്ഞെടുപ്പും രാഷ്ട്രീയ അനുഭാവവും തന്നെ കാര്യം. കാശ്മീരിൽ പ്രതിചേർക്കപ്പെട്ടപ്പോഴ് നിശ്ശബ്ദരായിരുന്നവർ സടകുടഞ്ഞെഴുന്നേറ്റു . തിരഞ്ഞെടുപ്പും രാഷ്ട്രീയ അനുഭാവവും തന്നെ കാര്യം .

വിരൽ ചൂണ്ടപ്പെടുന്ന ആളിന്റെ രാഷ്ട്രീയവും മതപരവുമായ മേൽവിലാസം നോക്കിയിട്ടു , അതിനു താൻ വെച്ച് പുലർത്തുന്ന കപട ആദർശങ്ങളുടെ ചേർച്ചകൾ നോക്കി മാത്രം സങ്കടപ്പെടുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു സമൂഹം വളർന്നു വരുന്നുണ്ട് . എല്ലാത്തിനുമപ്പുറം കക്ഷി രാഷ്ട്രീയവും മതവും മാത്രം നോക്കി കാണുന്ന ഒരു ജനത സമൂഹത്തിനും രാജ്യത്തിനും തന്നെ ആപത്കരമാണ്. ഒന്നെങ്കിൽ ഫേസ്ബുക്കിൽ ‘ ജസ്റ്റിസ് ഫോർ ….. ‘ എന്ന് കവർ പിക്ചർ ഇട്ടിട്ടു വഴിയിലൂടെ പോകുന്ന പെൺകുട്ടിയെ നോക്കി ” എന്ത് ചരക്കാട ” എന്ന് പറഞ്ഞു നമുക്ക് മുന്നേറാം. ഇല്ലെങ്കിൽ ഒരു രണ്ടു മിനിറ്റ് ഇരുന്നു ഇതേകുറിച്ചാലോചിക്കാം. മാറ്റേണ്ടതായിട്ടു എന്തേലും ഉണ്ടെന്നു സ്വയം തോന്നിയാൽ മാറ്റാം . ഇല്ലെങ്കിൽ മാറ്റാൻ പറ്റുന്ന എന്തേലും ചുറ്റും നടക്കുന്നുണ്ടെങ്കിൽ അതിലേക്കു ഒരു ചുവടു വയ്‌പ്പെങ്കിലുമാകാം .

ഇതിലും പൊളിറ്റിക്കൽ കറക്ട്നെസ്സ് കൊണ്ട് വരേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല . അതുകൊണ്ടു തന്നെ വീണ്ടും വായിച്ചു നോക്കുന്നില്ല. പ്രൂഫ് റീഡ് ചെയ്തു അക്ഷര തെറ്റുകളും മറ്റും ശെരിയാക്കാനും നിൽക്കുന്നില്ല . മനസ്സിലൂടെ ഓടിയ കാര്യങ്ങൾ പച്ചയായി തന്നെ പോസ്റ്റ് ചെയ്യുന്നു .

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.