എഴുതിയിട്ട് കാലങ്ങളായതുകൊണ്ട് എഴുതാമെന്നു കരുതി.
ഇതിപ്പോൾ എന്താണ് ഒന്ന് എഴുതുക എന്നാലോചിച്ചപ്പോൾ എഴുതിയിട്ട് കാലങ്ങളായതിനെക്കുറിച്ചെഴുതാമെന്നു കരുതി.
എഴുതാൻ വേണ്ടി മാത്രം എഴുതി തുടങ്ങിയപ്പോൾ എഴുത്തു നിർത്തിയതാണ്.
മുൻപ് എഴുതിയതിനോട് എഴുതിയവന് തന്നെ ഐക്യപ്പെടാൻ സാധിക്കാതെ വന്നപ്പോൾ എഴുത്തു നിർത്തിയതാണ്.
വായിക്കുന്നവർക്കായിട്ട് എഴുതിത്തുടങ്ങിയതു കണ്ടു ഇനിയെന്തിനെഴുതണം എന്ന് ചിന്തിച്ചു തുടങ്ങിയപ്പോൾ എഴുത്തു നിർത്തിയതാണ്.
എഴുതിയത് വായിക്കാനാളില്ലാതെ വന്നപ്പോൾ എഴുത്തു നിർത്തിയതാണ്.
എഴുതിയതും വായിച്ചെടുക്കുന്നതും തമ്മിൽ പൊരുത്തക്കേടുകൾ വന്നപ്പോൾ എഴുത്തു നിർത്തിയതാണ്.
പിന്നിപ്പോളെന്തിനെഴുതുന്നെന്നു ചോദിച്ചാൽ.
“വീണ്ടും പിച്ച വെച്ചു തുടങ്ങിയിട്ടു എഴുതാതിരിക്കാൻ പ്രേരിപ്പിച്ചവയെ എഴുതി തോൽപ്പിക്കടാ” എന്നാരോ അയച്ച എഴുത്തു കിട്ടി.
അപ്പോൾ പിന്നെ എഴുതിയിട്ട് കാലങ്ങളായതുകൊണ്ട് എഴുതാമെന്നു കരുതി.
ഇതിപ്പോൾ എന്താണ് ഒന്ന് എഴുതുക എന്നാലോചിച്ചപ്പോൾ എഴുതിയിട്ട് കാലങ്ങളായതിനെക്കുറിച്ചെഴുതാമെന്നു കരുതി.