ഒറ്റ രാത്രി കൊണ്ട് എന്റർപ്രെണർ

“…..മയക്കം വരാതെ മാനത്തു കിടക്കുന്നു

മധുമാസ സുന്ദര ചന്ദ്രലേഖ

താനേ തിരിഞ്ഞും മറിഞ്ഞും …….

ഇയർ ഫോണും തിരുകി ബാബുക്കയുടെ സംഗീതത്തിൽ എവിടെയോ അലഞ്ഞു കൊണ്ടിരുന്ന മനസ്സ് പെട്ടെന്നാണ് യാഥാർഥ്യ ബോധത്തിലേക്ക് വന്നത്.

ബസിൽ അടുത്തിരിക്കുന്ന ചേട്ടൻ സമയം ചോദിച്ചതാണ്. ‘ഇങ്ങേർക്ക് വല്ല കാര്യമുണ്ടോ?’ എന്നാലോചിച്ചോണ്ട് പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു കഴിഞ്ഞപ്പോഴാണ് ഓർത്തത്‌ .

‘അല്ല ചേട്ടന്റെ കയ്യിൽ ഫോണില്ലേ ,അതിൽ ക്ലോക്ക് ഇല്ലേ ,പിന്നെ എന്തിനു …വൈ ? ബട്ട്‌ വൈ ?’ എന്റെ മൈൻഡ് വോയിസ്‌ പുള്ളി കേട്ടു കാണണം .ഫോൺ സ്വിച്ച് ഓഫ്‌ ആയി പോയി എന്ന് പുള്ളി പറഞ്ഞു .

“സെവൻ തേർട്ടി ..” ഒറ്റ വാചകത്തിൽ ഞാൻ മറുപടി ഒതുക്കി .

വീണ്ടും സ്പോട്ടിഫയ് വഴി ബാബുക്കയിലോട്ട് എത്താം എന്ന് കരുതിയപ്പോഴേക്കും അടുത്ത ബോംബ് പൊട്ടി .

ബാംഗ്ലൂർ ട്രാഫിക് ആണ് പുള്ളിയുടെ ഇപ്പോഴത്തെ പ്രശ്നം .

ഓഹോ …ആയ്കോട്ടെ ..ഇനി ഞാനാ ഇയർ ഫോൺ ഒന്ന് കുത്തട്ടെ , എന്റെ കണ്ണുകൾ കേണപേക്ഷിച്ചു !

പറ്റില്ല .ബാംഗ്ലൂരിൽ ചൂട് കൂടുതലാണത്രെ ഇത്തവണ. സംഭവം ശെരിയാണ് .പക്ഷെ അതിനു ഞാൻ ഇപ്പോ ജപ്പാനിൽ നിന്ന് മേഘങ്ങളേ കൊണ്ട് വരണോ എന്നാലോചിക്കുമ്പോൾ ദാണ്ടെ അടുത്ത ഐറ്റം .

ഇന്ത്യയിലെ IT കമ്പനികൾ മുഴുവനും പൂട്ടാൻ പോവുകയാണത്രെ . എന്റെ പോക്കറ്റിലെ ടാഗ് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നെന്നു തോന്നുന്നു അങ്ങേരു .അല്ലേലും തുക്കടാ BMTC ബസിൽ ഇയർ പ്ലഗ് ഇട്ടു ഷോ കാണിക്കാണെങ്കിൽ നമ്മൾ IT ക്കാര് തന്നെ ആയിരിക്കണമല്ലോ. ‘ദാറ്റ്‌സ്‌ എ നോ ബ്രേയിനർ ‘ എന്റെ മൈൻഡ് വോയിസ്‌ പെട്ടെന്ന് IT ക്കാരന്റെ ചീപ്പ്‌ ആംഗലേയത്തിലോട്ടു അപ്ഗ്രേഡ് ആയി .

പുള്ളി അപ്പോഴേക്കും നാടെവിടെ വീടെവിടെ എന്നൊക്കെ ചോദിച്ചു .കേരളം എന്ന് കേട്ട പാടെ ആലപ്പുഴയും ഹൌസ് ബോട്ടും ഇടുക്കി ഗോൾഡും പ്രകൃതി രമണീയതയും കള്ള വാറ്റുമൊക്കെ ആയി വിഷയം . ഈ ഐറ്റം മുൻപെവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് ആലോചിച്ചപ്പോഴേക്കും പുള്ളി പ്രധാന വിഷയത്തിലോട്ടു കടന്നു . ആ എനിക്കും ഇതാണ് ഇഷ്ടം . ചുമ്മാ നീട്ടികൊണ്ടു പോവാതെ പരിപാടി പെട്ടെന്നു തീർക്കണം .അതെന്തായാലും .

സംഗതി സിമ്പിൾ ആണ് .പുള്ളി പഴയ IT കൂലി തൊഴിലാളിയായിരുന്നു ( ഇപ്പോഴത്തെ എന്നേ പോലെ ). ഒരു ദിവസം പുള്ളിക്ക് ബാത്ത് ടബ്ബിൽ കുളിച്ചോണ്ടിരുന്നപ്പോ യുറേക്ക യുറേക്ക എന്ന് അലറി വിളിക്കാൻ തോന്നി .

കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും പുള്ളിക്ക് മനസ്സിലായി , ഇങ്ങനെ പോയാൽ പറ്റില്ല . ബിസിനസ് ചെയ്യണം .വാണിജ്യ വ്യവസ്ഥിതി കീഴടക്കണം .അംബാനി ആവണം . ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു പ്രാന്തനെ പോലെ സഞ്ചരിക്കണം. ലിസ്റ്റ് നീണ്ടു പോകുന്നതിനിടയിൽ പുള്ളിയൊന്നു തുമ്മി .

തല തോർത്തി രാസനാദി പൊടി ഇട്ടപ്പോഴേക്കും (നോക്കണ്ട കുറേശ്ശേ തള്ളിയില്ലെങ്കിൽ എനിക്ക് ഒരു സമാധാനമുണ്ടാവില്ല ,അതോണ്ടാ ) ക്ലോസ് ഫ്രണ്ടിന്റെ മെസ്സേജ് വന്നു. തികച്ചും യാദൃശ്ചികം . “എടാ , ഒരു ബിസിനസ്‌ ഓപ്പർച്യൂണിറ്റി ഉണ്ട് .കഫെ കോഫി ഡെയിലോട്ടു വാ ”

അമ്പട കേമാ സണ്ണി കുട്ടാ ….ഇപ്പോഴല്ലേ എനിക്ക് കാര്യം പിടി കിട്ടിയത് .ഇറങ്ങേണ്ടത് ബെലന്തൂർ ആയിരുന്നെങ്കിലും ഞാൻ പെട്ടെന്നു തീരുമാനം മാറ്റി . ആളിറങ്ങാനുണ്ട് ആളിറങ്ങാനുണ്ട് …എന്ന് കന്നടയിൽ കൂവി . എന്നിട്ട് ആ ചേട്ടനോട് ഒരു ബൈ പറഞ്ഞു ജീവനും കൊണ്ട് കണ്ടം വഴി ഓടി .

— ശുഭം —

2 thoughts on “ഒറ്റ രാത്രി കൊണ്ട് എന്റർപ്രെണർ

  1. Ha ha. That was fun. Nicely written.👍 Recently we have got unnecessary gyan from a person in temple here who even showed family pics,told salary blah blah blah.. Ayal oru tsunami 🌊 aayirunu.

    Liked by 2 people

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.