ഞാൻ ആണ് ഭാരതീയൻ

ഗതകാല സ്‌മൃതികളിൽ ജീവിക്കുന്നതിനിടയിൽ എന്നോ ഇന്നെന്ന സത്യത്തെ ഉൾക്കൊള്ളുവാൻ അവൻ മറന്നു തുടങ്ങിയിരുന്നു .

ചിരകാല സുഹൃത്തുക്കളെന്നവൻ അഭിമാനം പൂണ്ടവർ പലരും ഇന്നലെകളിലെവിടെയോ വേർപിരിഞ്ഞത് തിരിച്ചു അറിയാൻ കാലചക്രം ഒരല്പം കൂടി ചലിക്കേണ്ടിയിരിക്കുന്നു.

മനുഷ്യർ തമ്മിലുള്ള അകൽച്ച കുറയ്ക്കാൻ എന്നോണം തുടങ്ങി വെച്ച ഏകോപന സമിതികൾ പലതും പുത്തൻ അകൽച്ചകളുടെ നാന്ദി കുറിക്കാൻ ശ്രമം തുടർന്ന് കൊണ്ടേയിരുന്നു .

ഭൂതത്തിലെ സമൃദ്ധിയിൽ ആനന്ദം കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ ഇന്നിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നു അവൻ മറന്നു .

പോയകാലത്തിലെ പ്രശ്നങ്ങൾ പലതും ഇന്ന് നമ്മെ അലട്ടുന്നവ അല്ലെങ്കിൽ കൂടി , താണ്ടിയ നാൾവഴികളുടെ അനുമാനം ഒട്ടുമേ ഇല്ലാതിരുന്ന അവനു അതിപ്പോഴും ഭാരിച്ച പ്രശ്നങ്ങളായി തോന്നി . അത് പരിഹരിക്കാൻ എന്നോണം തുനിഞ്ഞപ്പോഴെല്ലാം ഇന്നിന്റെ പ്രശ്നങ്ങൾ ദയനീയമായി അവന്റെ കണ്ണുകളിലൊട്ടു നോക്കി .

ആരോ പാടി വെച്ച പഴങ്കഥകളെ ചരിത്രമെന്നു ധരിച്ച അവൻ , ഇന്നിനെ അന്നത്തെ തുലാസിൽ അളക്കാൻ വിഫലമായി ശ്രമിച്ചു കൊണ്ടേയിരുന്നു.
ഇന്നത്തെ കഥകൾ നാളത്തെ ചരിത്രമാകുമെന്നും , അതിനാൽ നാളത്തെ ചരിത്രത്തെ പുഷ്ടിപ്പെടുത്തേണ്ടത് ഇന്നാണെന്നും ഉള്ള സത്യം അവൻ ഇന്നലെ തന്നെ മറന്നിരുന്നു .

പോയ കാലം ചെയ്തു കൂട്ടിയ പാപകൂമ്പാരങ്ങൾക്കു പ്രായശ്ചിത്തമെന്നോണം ചെയ്യുന്ന പലതും പ്രായോഗികം അല്ലെന്നും, അവ പുതിയ പാപ കറകൾ തീർത്തു തുടങ്ങിയെന്നും അവൻ അറിയാൻ നാളുകൾ ഇനിയുമേറെ കാത്തിരിക്കേണ്ടിയിരിക്കുന്നു .

ഒരു വശത്തു ഇന്നലെകളുടെ പ്രൗഢിയിൽ അഭിമാനം പൂണ്ട നേരത്ത് നാളെയും അത്തരം പ്രൗഢിയിൽ അഭിമാനിക്കേണ്ടതുണ്ട് എന്ന സത്യവും ഓർമകളിൽ എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു .

അവൻ ആരാണെന്ന് ആലോചിച്ചു തുടങ്ങിയത് മുതൽ എന്നിലെ അവനെയും ഞാൻ അറിഞ്ഞു തുടങ്ങുയിരിക്കുന്നു.

അവൻ ആരാണ് എന്ന് ഞാൻ സ്വയം ചോദിച്ചു .

“അവൻ ആണ് ഭാരതീയൻ” എന്നു ഞാനാം അശരീരി ഉറക്കെ നിലവിളിച്ചു .

ഗതകാല സ്‌മൃതികളിൽ ജീവിക്കുന്നതിനിടയിൽ എന്നോ ഇന്നെന്ന സത്യത്തെ ഉൾക്കൊള്ളുവാൻ ഞാൻ മറന്നു തുടങ്ങിയിരുന്നു .

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.