പറയാൻ മറന്ന പരിഭവങ്ങൾ

ഡിസംബർ മാസമായാൽ ഒരു പേടിയാണ്. അതിനിപ്പോ മാർച്ച്‌ ആയില്ലേ എന്ന് കരുതണ്ട .സംഗതി ഫ്ലാഷ്ബാക്ക് ആണ് .

ക്രിസ്മസ് ഫ്രണ്ട് ,ക്രിസ്മസ് ചൈൽഡ് ,സീക്രെട് സാന്റാ അങ്ങനെ ഒട്ടനവധി പേരുകളിൽ സംഘാടക സമിതികൾ വട്ടം കൂടുന്ന മാസമാണല്ലോ ഡിസംബർ. പലപ്പോഴും താല്പര്യം ഇല്ലെങ്കിൽ കൂടി ഈ ഏർപ്പാടിന് തലവെച്ചു കൊടുക്കേണ്ടി വരാറുണ്ട്. പിശുക്കാനായിട്ടോ അത്താഴ പട്ടിണിയായതുകൊണ്ടോ അല്ല .

നേരിട്ട് പരിചയമില്ലാത്ത ആളുകളുടെ ഇഷ്ടം അറിയാതെ അവർക്കു വേണ്ടി ‘ഗിഫ്റ്റ് ‘ വാങ്ങാനുള്ള കഴിവ് എനിക്ക് ഒരല്പം കുറവാണ്. ഉറ്റ ചങ്ങാതിമാർക്കു വേണ്ടി ആണെങ്കിൽ പോലും അവസാനം ഏതെങ്കിലും പുസ്തകം ആയിരിക്കും എന്റെ കണ്ണിൽ പെടുക. കുറ്റം പറയരുതല്ലോ ..വാങ്ങി കൊടുത്ത ഒറ്റ പുസ്തകം പോലും ഒരു നല്ല മോനും മോളും വായിച്ചിട്ടില്ല എന്നതാണ് വാസ്തവം 😅. പോരാത്തതിന് എനിക്ക് ഒരുപയോഗം ഇല്ലാത്ത ഗിഫ്റ്റുകൾ ആണ് ചെറുപ്പം മുതൽ കിട്ടിയിട്ടുള്ളത് എന്നതും ഈ ‘ഇൻഹിബിഷനു ‘ കാരണമായിട്ടുണ്ടോ എന്ന് അന്തിചർച്ച നടത്തേണ്ടിയിരിക്കുന്നു .

അങ്ങനെയൊക്കെ ഇരിക്കെ ആദ്യമായിട്ട് 2017 ഡിസംബറിൽ എനിക്ക് നല്ല കിടുക്കാച്ചി വെള്ളം കുപ്പിയാണ് സീക്രെട് സാന്റാ അദ്ദേഹം കൊണ്ട് തന്നത് . വെള്ളം കുപ്പി എന്ന് പറയുമ്പോൾ ഫ്ലാസ്ക് പോലെ ഉള്ള ഒരു ട്രാൻസ്പെരന്റ് വാട്ടർ ബോട്ടിൽ. ഇന്നിപ്പോൾ ഇത് എഴുതുന്നതിനു തൊട്ടു മുന്നേ പോലും വെള്ളം കുടിച്ചത് അതിൽ നിന്ന് തന്നെ. എന്താ വാങ്ങേണ്ടതെന്നു അറിയാതെ ഒടുവിൽ ഒരു ബഡാ ഡയറി മിൽക്ക് സില്കും ഒരു ബൊമ്മകുഞ്ഞും പൊതിഞ്ഞു കൊടുക്കുകയായിരുന്നു ഞാൻ ചെയ്തത്. അത് കാരണം എനിക്ക് കുറ്റബോധം തോന്നി തുടങ്ങി. കുറ്റബോധം മനസ്സിൽ തോന്നി തുടങ്ങിയതുമുതൽ ചെയ്യുന്നതെല്ലാം യാന്ത്രികമായിപോയ ഞാൻ പിന്നീട് 2018 ഡിസംബറിനായി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിപ്പായിരുന്നു.

ഒടുവിൽ ആ ദിനം വന്നു . ഒരുപാട് പുസ്തകങ്ങൾ വായിക്കുന്ന മാനേജർ പോസ്റ്റിലുള്ള ഒരു മഹാനുഭാവുലുവിനു വേണ്ടിയിട്ടാണ് ഇത്തവണ. സാധാരണ ഗതിയിൽ ഉള്ള നട്ടെല്ല് പണയം വെച്ച യെസ് സർ മാനേജർ അല്ല .ഒരു ഘടാഘടിയൻ മാനേജർ. ഞാൻ ബുക്ക്‌ തന്നെ ഉറപ്പിച്ചു . പുള്ളിയോട് നൈസ് ആയിട്ട് പരിചയമാക്കിയിട്ടു പുള്ളിക്ക് ഇഷ്ടമുള്ള ജോണർ മനസ്സിലാക്കി .എന്നിട്ട് ഉചിതമായ രണ്ടു പുസ്തകം ആരും അറിയാതെ മൂപ്പരുടെ ഡെസ്കിൽ വെച്ച് .പുസ്തകം കണ്ടപ്പോ പുള്ളിക്ക് ഒരുപാട് ഇഷ്ടമായി .നോം കൃതാർത്ഥനായി.

ഇനി കഴിഞ്ഞ തവണ ഞെട്ടിയത് പോലെ ഞെട്ടാനുള്ള അവസരമായിരുന്നു . ഗിഫ്റ്റ് കിട്ടി . വിജയണ്ണന്റെ “ഐ ആം വെയ്റ്റിംഗ് ” മുഖഭാവം പുറത്തെടുക്കാതെ ഞാൻ ഇരുന്നു . പ്രിയ വാര്യരെ വെല്ലുന്ന ലുക്ക്‌ ഉള്ള കവറിൽ പൊതിഞ്ഞ ഒരു പേന . സംഭവം അത്യാവശ്യം ക്ളീഷേ ആയതിനാൽ അത് ബാഗിന്റെ ഫ്രണ്ട് സിപിൽ തന്നെ ഇടം നേടി .

അങ്ങനെ ഇതെല്ലാം മറന്നു കട്ടയ്ക്കു ജോലി എടുത്തുകൊണ്ടിരുന്നപ്പോൾ ഒടുവിൽ മാർച്ച്‌ മാസം എത്തി . എഴുത്തു തകൃതിയായി നടക്കുന്നു . എഴുതിയത് പലപ്പോഴും ഡിലീറ്റ് ചെയ്തു കളഞ്ഞു .മതവികാരം വ്രണപ്പെടുന്നത് കൊണ്ടൊന്നുമല്ല കേട്ടോ . ചിലപ്പോൾ ഒരു സംതൃപ്തി ഇല്ലെങ്കിൽ തോന്നിയില്ലെങ്കിൽ അങ്ങനെയാണ് പതിവ്. ഒരു ഭാഗ്യം പോലെ എഴുതാൻ കിട്ടിയ ഒരു സുവർണ അവസരം വിനിയോഗിക്കാനായി പാതി രാത്രി പേന തേടി പോയ കണ്ണുകൾ പതിഞ്ഞത് നേരത്തെ പറഞ്ഞ ഐറ്റത്തിലായിരുന്നു. ഫ്രണ്ട് സിപ്പിൽ ഒളിഞ്ഞിരിക്കുന്ന ആ പഴയ പേന.

എഴുതി തുടങ്ങിയതും ഞാൻ അത്ഭുതപ്പെട്ടു. അബ്ബാസ് ..വൗ ..തെളിയുന്നേയില്ല.നാശം ! അടിയിലൂടെ റീഫിൽ എടുത്തു ഊത്തും ബെഞ്ചിൽ അടിച്ചിട്ട് ചൂടാക്കലും ഒക്കെ ട്രൈ ചെയ്തു . നോ രക്ഷ . ഇത് സമ്മാനിച്ചവനെ(വളെ) സംസ്‌കൃതത്തിൽ സ്മരിച്ചിട്ടു പരിഭവം ആരോടും പറയാതെ ആസ് യൂഷ്വൽ ഫോണിലെ നോട്ട് പാഡും തുറന്നു മ്യൂസിക് പ്ലെയറിൽ ശോക ഗാനവും കേട്ടിരുന്നു . നിന്നോടൊക്കെ ദൈവം ചോദിക്കും 😐

— ശുഭം —

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.