മാമ്പഴമാ മാമ്പഴം

ഹോളി ദിനമല്ലേ… മേരെ പ്യാരേ ദേശവാസിയോം ഒക്കെ തിരക്കിലായിരിക്കും .അതുകൊണ്ട് ട്രാഫിക് ഒന്നും കാണാൻ ചാൻസ് ഇല്ല എന്ന് കരുതി ബസിൽ കയറിയ എനിക്ക് തെറ്റി. “അന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേത് ” – എട്ടാം ക്ലാസ്സിൽ വാസുദേവൻ മാഷ് പഠിപ്പിച്ച സംസ്‌കൃതം വചനം ആണ് ഓർമ വന്നത് . ചുരുക്കത്തിൽ പറഞ്ഞാൽ പണി പാളി. വണ്ടി ആസ് യൂഷ്വൽ സ്‌പൈസ് ഗാർഡൻ ബസ് സ്റ്റോപ്പിൽ നിന്ന് ഒരു 10 മീറ്റർ മുന്നിൽ മുട്ട് മടക്കി.നിര നിരയായി വണ്ടികൾ.കൃത്യമായി പറഞ്ഞാൽ ഒറിയോ ജ്യൂസ്‌ കടയ്ക്കു മുന്നിലാണ്.

അസ്സൽ കാലാവസ്ഥയ്ക്ക് പേര് കേട്ട ബാംഗ്ലൂർ നഗരം കുറച്ചു നാളായി തനി സ്വഭാവം പുറത്തെടുക്കാൻ തുടങ്ങിയിട്ടു. ഇലക്ഷന് സീസൺ ആയോണ്ട് തള്ളിനു കുറവുവേണ്ട അല്ലേ ? വിയർപ്പു ധാര ധാരയായി ഒഴുകുന്നു. പുറത്തേക്കു നോക്കിയപ്പോൾ കണ്ണിൽ പതിഞ്ഞത് നല്ല തടിച്ചു കൊഴുത്തു ഇരിക്കുന്ന മാമ്പഴമാ മാമ്പഴം. ഈ സീസണിൽ ആദ്യമായിട്ട് ആണ് മാമ്പഴം കാണുന്നത്. മാമ്പഴം കഴിക്കാൻ അത്ര കണ്ടു ആവേഷം ഒന്നും ഇല്ലെങ്കിലും ‘മാൻഗോ ഷേക്ക്‌ ‘ എന്ന അറേബ്യൻ പാനീയത്തിനോട് എന്തെന്നില്ലാത്ത ആക്രാന്തമാണ് എനിക്ക്.

ബസിൽ നിന്ന് ഇറങ്ങിയിട്ട് കുടിച്ചിട്ട് വരാം എന്ന് കരുതിയപ്പോഴേക്കും അണ്ണൻ ബസ് സ്റ്റാർട്ട്‌ ചെയ്തു.ഒരു അഞ്ചു എട്ടു മീറ്റർ മുന്നിൽ കൊണ്ട് പോയി വീണ്ടും തതൈവ. അപ്പോൾ പറഞ്ഞു വന്നത് മാൻഗോ ഷേക്ക്‌!

ഈ ഇഷ്ടം തുടങ്ങിയത് കോളേജ് ദിനങ്ങളിലാണ്. വിഷ്ണു, മേനോൻ ,ആനന്ദ് പിന്നെ ഞാൻ രണ്ടു ബുള്ളറ്റിലായി വള്ളിക്കാവിന്റെ വീഥികളിലൂടെ ചീറി പാഞ്ഞു കുടിക്കാൻ പോയിരുന്നതാണ് മാങ്ങാപ്പാൽ എന്ന ആ അത്ഭുത ഐറ്റം. ബാബ രാംദേവിന്റെ സ്വദേശി പ്രസ്ഥാനാമൊന്നും അല്ല കേട്ടോ. പാർട്ടി ഭേദമന്യേ ആർക്കും കുടിക്കാൻ പറ്റുന്ന കിടുക്കാച്ചി ഐറ്റം . അങ്ങനെ തുടങ്ങിയ ആ ബന്ധം പിന്നെ ഏട്ടന്റെ ‘താമ്പരം പഴമുതിർച്ചോലൈ’ വിടൽസ് കൂടി കേട്ടു കേട്ടു വല്ലാത്തൊരു അവസ്ഥയിലെത്തി. ഒടുവിൽ ഏട്ടന്റെ പ്രാക്കും എന്റെ കർമഫലവും കൂടി ചേർന്ന് ഞാൻ മദ്രാസ് നഗരത്തിൽ എത്തിയപ്പോഴും ആ ഇഷ്ടം അങ്ങനെ തന്നെ നിന്നു .

ചെന്നൈയിലെ ചുട്ടു പഴുക്കുന്ന ചൂടിൽ പലപ്പോഴും എനിക്ക് കൂട്ടായിരുന്നത് ഉപ്പിട്ട നാരങ്ങ സോഡയും ഇപ്പറഞ്ഞ ഷെയ്ക്കും മാത്രമാണ്. ആത്മാർത്ഥത ലേശം കൂടുതലായിരുന്ന ആ സമയത്തു ഓഫീസിലെ ഊള പണികൾ മുഴുവൻ ചെയ്തു തീർത്തു പതിനൊന്നര ആവുമ്പോൾ ഷോല്ലിങ്കനല്ലൂർ ജംഗ്ഷനിൽ എത്തുന്ന ഞാൻ, നേരെ വെച്ച് പിടിക്കുന്നത് അവിടെയുള്ള ‘ഡേറ്റ്സ് ‘ എന്നോ മറ്റോ പേരുള്ള കടയിലായിരുന്നു. അവിടത്തെ ചേട്ടനും ഞാനും കമ്പനി ആയിരുന്നു. നാട്ടിൽ എവിടെയാ എന്ന് ചോദിച്ചു തുടങ്ങിയ ആ സൗഹൃദം പരസ്പരം പേരുകൾ അറിയില്ലെങ്കിലും മാൻഗോ ഷെയ്ക്കിലൂടെ ദൃഢപ്പെട്ടു. സീസൺ അല്ലാത്ത സമയത്തു അവിടെയുള്ള ബിഹാരി ചെക്കന്റെ മിക്സഡ് ഷേക്ക്‌ എന്ന് പറഞ്ഞ വെറൈറ്റി ഐറ്റംസ് പലതും എന്നെകൊണ്ട് കുടിപ്പിച്ചിട്ടു പേര് ഇടിയിൽ കർമ്മം വരെ നടത്തിയിട്ടുണ്ട് പുള്ളി (ട്രോളല്ല ). നാല്പതു രൂപയുടെ ആ ഡിന്നർ ഷേക്കിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. തൊട്ടടുത്തുള്ള നെല്ലൈഭാരതിയിലും കാരപ്പക്കത്തെ പഴമുതിർച്ചോലയിലും കുടിച്ചിട്ടുണ്ടെങ്കിലും മാൻഗോ ഷേക്ക്‌ എന്ന് പറഞ്ഞാൽ ആദ്യം ഓർമ വരുന്നത് അവിടുത്തേത്‌ തന്നെയാണ് .പിന്നീട് പലപ്പോഴായി ചെന്നൈയിലോട്ട് പോയപ്പോഴും ഞാൻ മറക്കാതെ ചെന്ന് കുടിക്കാറുണ്ട് .സീസണാണെങ്കിൽ മാൻഗോ ഇല്ലേൽ മറ്റെന്തെങ്കിലും. ഇപ്പോഴും അവിടെ ഒരു VIP ട്രീറ്റ്മെന്റ് തന്നെയാണ്. രാഷ്ട്രീയവും ബിസിനസ്‌ സാധ്യതകളും ചെന്നൈ നഗരത്തിന്റെ വികസനവും മലബാറിലെ വിശേഷങ്ങളും എല്ലാം ചർച്ചാവിഷയങ്ങൾ ആകാറുമുണ്ട്.

അങ്ങനെ മദ്രാസും ബീച്ചും ഷെയ്ക്കും ഷോല്ലിങ്കനല്ലൂരും ഒക്കെ മനസ്സിലൂടെ മിന്നി മാഞ്ഞപ്പോഴേക്കും വൈദേഹി ബസ് സ്റ്റോപ്പെത്തി. ബാക്കി കിട്ടാനുള്ള 30 രൂപ കുത്തിനു പിടിച്ചു വാങ്ങിയില്ലെങ്കിൽ കണ്ടക്ടർ അണ്ണൻ മിണുങ്ങും എന്നറിയാവുന്നതു കൊണ്ട് നോം അങ്ങട് ചെല്ലട്ടെ.

2 thoughts on “മാമ്പഴമാ മാമ്പഴം

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.