ഫോട്ടോ എടുക്കുന്നതൊക്കെ ചീപ്പ് അല്ലെ സേട്ടാ..

ലോക്ക്ഡൗൺ കൂടെ കൊണ്ട് വന്നു തന്ന അംബ്ലേഷ്യത്തിന്റെയാണോ എന്തോ നൊസ്റ്റാൾജിയയാണിപ്പോ എന്റെ മെയിൻ സംഭവം. രാവിലെ എഴുന്നേറ്റു ചെയ്യേണ്ടതൊക്കെ ചെയ്തു സ്വന്തമായി പാകം ചെയ്ത സ്വാദിഷ്ടമായ കഞ്ഞിയോ മറ്റോ കുടിച്ചിട്ട് ബാൽക്കണിയിൽ നിന്നും കാണുന്ന ഐടി കമ്പനികളുടെ കെട്ടിടങ്ങളെ നോക്കി ഒന്ന് പുച്ഛിച്ചു തള്ളിയിട്ടു ആകാശത്തിലെ പറവകളെയും നോക്കി നിന്ന് കൊണ്ട് ഗതകാലസ്‌മൃതികളിൽ മൗനം പേറാത്ത ബാംഗ്ലൂരിനെ കുറിച്ച് ഓർത്തു വിലപിക്കുന്നതിനിടെയാണ് അവന്റെ സ്റ്റാറ്റസ് കണ്ടത്.

“സംഭവം പഴയതാ. ഇതിപ്പോ എന്തിനാണാവോ സ്റ്റാറ്റസ് ഇട്ടതു. ഈ സിനിമ താരങ്ങളെയും സെലിബ്രിറ്റികളെയും നേരിൽ കാണുന്നതിൽ എന്താണിപ്പോ ഇത്രേം വലിയ സംഭവം. അവരും മനുഷ്യരല്ലേ ! അവരിലൂടെ രംഗപ്രവേശം ചെയ്ത കഥാപാത്രങ്ങളെയല്ലെ നാം ആരാധിക്കേണ്ടത്. അല്ലാതെ ഇത് ഒരു മാതിരി ചീപ്പ്‌ ആയിട്ട്.. അയ്യേ… മ്ലേച്ചൻ ! ” മോഹൻലാലിൻറെ കൂടെ ലവൻ നിക്കുന്ന ഫോട്ടോ കണ്ടു അസൂയക്കുരുകൾ പൊട്ടി ഒലിക്കുന്നതിനു മുൻപേ ഞാൻ അവനെ വളരെ ക്യാഷുവൽ ആയിട്ട് വിളിച്ചു.

സുഖ വിവരങ്ങൾ ഒക്കെ ഒരു പ്രഹസനം പോലെ ചോദിച്ചറിഞ്ഞിട്ടു ഞാൻ കാര്യത്തിലേക്കു വന്നു.

“എടാ, ലാലേട്ടന്റെ കൂടെ നിന്നിട്ടുള്ള ആ പടം എപ്പോ എടുത്തതാ? ”

“അത് കഴിഞ്ഞ മാർച്ചിൽ ലൂസിഫറിന്റെ റിലീസ് സമയത്തു എടുത്തതാടാ. പ്രിത്വിരാജിന്റെ കൂടെയുള്ളതും ഉണ്ട്. ഞാൻ അയക്കാം. ഒരു മിനിറ്റ്.. ”

“ഏയ്‌, വേണ്ടടാ. ഞാൻ ചുമ്മാ ചോദിച്ചൂന്നെയുള്ളു. എനിക്കാണെങ്കിൽ ഇത് പോലെയെന്തെങ്കിലും ഉണ്ടെങ്കിൽ ഫോട്ടോ എടുക്കാൻ ഒക്കെ ഭയങ്കര മടിയാണ്. അവർ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ നമ്മൾ അവരെയൊക്കെ നെഞ്ചിലേറ്റിയെങ്കിലും നമ്മൾ അവരുടെ പ്രൈവസിയിലേക്കു ഇടിച്ചു കേറുന്നത് പോലെയല്ലേ ഈ തോളത്തു കൈ ഒക്കെ ഇട്ടുള്ള ഫോട്ടോ പിടുത്തം”

“ഉവ്വ.. ഉവ്വ.. പ്രൈവസി.. കോപ്പ്.. എന്നെ കൊണ്ട് വെറുതെ ഓരോന്ന് പറയിപ്പിക്കണ്ട.. നിയാണെങ്കിലും ഇതൊക്കെ തന്നെയേ ചെയ്യൂ ”

“എന്ത് ഉവ്വ.. എടാ ഒരു രണ്ടു വർഷം മുന്നേ ഒരു ഏപ്രിൽ 29 നു… ചെന്നൈ എയർപോർട്ടിൽ വെച്ച്…. ”

“എയർപോർട്ടിൽ വെച്ച്? 🤔”

“ഹാ.. പറയട്ടെ.. ഇടക്ക് കേറല്ലേ… സംഭവം ഞാൻ ചെന്നൈയിൽ നിന്ന് മതിയാക്കി ബാംഗ്ലൂർക്കു പോരുന്ന നേരം. മദ്രാസ് ഓർമ്മകൾ മുഴുവനും രണ്ടു മൂന്ന് പെട്ടിയ്ക്കകത്താക്കി മടുത്തിരിക്കുമ്പഴാണ് ചെന്നൈയിൽ രണ്ടു വർഷം ഉണ്ടായിട്ടും ഇക്കണ്ട കൂട്ടുകാരും നാട്ടുകാരും ഒക്കെ പറഞ്ഞിട്ടും ദളപതി ഇത് വരെ കണ്ടില്ലല്ലോ എന്നോർത്തതു. ക്ഷീണം മാറ്റാൻ ദളപതി ബെസ്റ്റ് ആണെന്ന കാരണവന്മാരുടെ വചനം ഞാൻ ശിരസ്സാ വഹിച്ചു. സിനിമ കണ്ടു അങ്ങു കോരി തരിച്ചു. പാട്ടുകൾ മുന്നേ പല വട്ടം കേട്ടതാണെങ്കിലും രംഗങ്ങളോട് കൂടി ചേർത്ത് കണ്ടപ്പോൾ അവയ്ക്കു പുതു ജീവൻ ലഭിച്ചത് പോലെ.അങ്ങനെ രാത്രി മൊത്തം ‘സുന്ദരി.. കണ്ണാലൊരു.. ‘ മുഴങ്ങിക്കൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ ഞാനും ഉറങ്ങി ”

“അടുത്ത ദിവസം രാവിലെ അല്ലായിരുന്നോ ഫ്ലൈറ്റ്. ചെന്നൈയിൽ നിന്ന് ബാംഗ്ലൂർക്കു ഫ്ലൈറ്റ്. എന്ത് പട്ടി ഷോ ആണെടോ? ”

“മിസ്റ്റർ നായർ… അത് ഓഫീസിൽ നിന്ന് ബുക്ക്‌ ചെയ്തതാ. പോരാത്തതിന് എന്റെ ആദ്യത്തെ ഫ്ലൈറ്റ് യാത്രയും. ഞാൻ വിടുവോ?

ഞാൻ ആണെങ്കിൽ നേരത്തെ കാലത്തെ തന്നെ എയർപോർട്ട് എത്തി. ആറര മുതൽ എട്ട് മണി വരെ യൂട്യൂബിൽ അതേ പാട്ട് ലൂപ്പിൽ ഓടിക്കൊണ്ടിരുന്നു. ശോഭന SPB ജാനകിയമ്മ രജനികാന്ത് ഇളയരാജ.. ഹോ..

അങ്ങനെയിരിക്കുമ്പോഴാണ് അന്നൗൺസ്‌മെന്റ് വന്നത്. ആദ്യ വിമാന യാത്രയാണ്. ഒരുപാടു മോഹിച്ചതാണ് ചെറുപ്പം മുതൽക്കേ. അങ്ങനെ വിന്ഡോ സീറ്റിൽ ഇരുന്നു ഒരു സെൽഫിയൊക്കെ എടുത്തു. ഏറോപ്ലെയ്നിൽ ആദ്യമായിട്ടുള്ള അനുഭവം ആണ്. സംഭവം ഈ സിനിമയിൽ കാണുന്ന പോലെ പോഷ് ഒന്നുമല്ല. വൃത്തിയുള്ള പറക്കുന്ന ഒരു ksrtc ബസ്.. എന്റെ ഉള്ളിലെ പുച്ഛിസ്റ്റ് വീണ്ടും ഉണർന്നു. അതിനു മുന്നേ തന്നെ ഞാൻ ഹെഡ്സെറ്റ് കുത്തി.. ബാക്ക് ടു സുന്ദരി… അങ്ങനെ SPB ജാനകിയമ്മ എന്നിവരുടെ ശബ്ദത്തിലും ശോഭനയുടെ സൗന്ദര്യത്തിലും മുഴുകിയിരിക്കുമ്പോഴാണ് aisle സീറ്റിൽ ദേ അവര് വന്നു ഇരുന്നത് . മുഖത്ത് ഒരു ഗൗരവം ഉണ്ട്. മേക്കപ്പ് ഒന്നുമില്ലട്ടോ … ”

“ആര്… ”

“സാക്ഷാൽ ശോഭന.. എന്റെയാണെങ്കിൽ കിളി പോയി. നടുക്കുള്ള സീറ്റ്‌ ആണെങ്കിൽ ആളില്ല താനും. ഇടറിയ ശബ്ദത്തോടെ ഞാൻ പരിചയപ്പെടുത്തി . മുഖത്തുള്ള ഗൗരവം ഒന്നും സംസാരത്തിലില്ല കേട്ടോ. ബാംഗ്ലൂരിൽ ജാലഹള്ളി അയ്യപ്പൻ കോവിലിൽ എന്തോ പരിപാടിക്ക് പോവുകയായിരുന്നു അവര്. എന്തോ അന്ന് അന്താരാഷ്ട്ര നൃത്ത ദിനം ആയിരുന്നത്രേ. എന്നോട് സുഖ വിവരങ്ങൾ അന്വേഷിക്കുന്ന കൂട്ടത്തിൽ ഞാൻ നീലേശ്വരത്തു നിന്നാണ് എന്ന് പറഞ്ഞപ്പോൾ അതിനു രണ്ടാഴ്ച മുന്നേ വിഷുവിനോ മറ്റോ നീലേശ്വരത്തു പരിപാടി അവതരിപ്പിച്ചതിനെക്കുറിച്ചൊക്കെ അവര് ഓർത്തു . ദളപതിയുടെയും പാട്ടിന്റെയും കാര്യം ഞാനും പറഞ്ഞു. എനിക്ക് ആണെങ്കിൽ പൂര സന്തോഷം. ആകെ അരമണിക്കൂർ ആണ് യാത്ര.ഫോട്ടോ ആണെങ്കിൽ എനിക്ക് ഭയങ്കര ചമ്മൽ ആണ് ചോദിക്കാൻ…”

“അപ്പൊ… പ്രൈവസി? 🤪”

“ആ അതും ഉണ്ട്… പിന്നെ ഓട്ടോഗ്രാഫ് വാങ്ങാം എന്ന് കരുതിയപ്പോഴേക്കും “will you really need an autograph to remember this? ” എന്ന അവരുടെ ചോദ്യം കേട്ടപ്പോഴ് എനിക്കും ശെരിയാണ് എന്ന് തോന്നി. അങ്ങനെ വേണ്ടാന്ന് വെച്ചു. മൊത്തത്തിൽ അതൊരു വമ്പൻ അനുഭവം ആയിരുന്നു ”

“ഒരു പ്രൂഫിനു ഫോട്ടോ പോലും എടുത്തില്ല. എന്നിട്ടും തള്ളിനൊരു കുറവുമില്ല ചെക്കന്റെ .. ”

“നീ പോടാ കഴുതേ.. സത്യമാടാ പറഞ്ഞെ ”

“എന്തായാലും കൊള്ളാം. ലാലേട്ടന്റെ തോളത്തു കൈ ഇട്ടു ഫോട്ടോ എടുത്ത പോലെ വരില്ലല്ലോ? ”

അത് കേട്ടതും ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ ഞാൻ ഫോൺ വെച്ചു. അങ്ങനെ അവനെ എങ്ങനെയെങ്കിലും കൊച്ചാക്കണം എന്നാലോചിച്ചപ്പോഴാ കഴിഞ്ഞ വർഷം ബാംഗ്ലൂർ എയർപോർട്ടിൽ വെച്ചു അഭിനവ് ബിന്ദ്രയെ കണ്ടത് ഓർത്തത്‌. ഭാരതത്തിലെ ആദ്യത്തെ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ്… ആഹാ..കളർഫുൾ.. ലാലേട്ടനൊക്കെ ലോക്കൽ.. കൂടി പോയാൽ രണ്ടോ മൂന്നോ നാഷണൽ അവാർഡ് കിട്ടി കാണും. ഇത് ഒളിമ്പിക്സ് സ്വർണം..ഇന്റർനാഷണൽ!

ബിന്ദ്രയിരിക്കുന്ന തട്ട് താണ് തന്നെയിരിക്കും

പക്ഷെ ചെറിയൊരു പ്രശ്നം അധികം ഒന്നും സംസാരിക്കാൻ പറ്റിയില്ലായിരുന്നു മൂപ്പരോടു. ബാത്‌റൂമിൽ വെച്ചായിരുന്നു കണ്ടത്. പോരാത്തതിന് പുള്ളി കുറച്ചു തിരക്കിലുമായിരുന്നു.

അതെന്തോ ആയ്ക്കോട്ടെ.. അവന്റെ ജാഡ ഇന്നത്തോടെ തീർക്കണം എന്ന് കരുതി ഞാൻ വീണ്ടും വിളിച്ചു..

“എന്താടാ നാറി .. നിനക്ക് മതിയായില്ലേ ? ”

“എടാ.. എടാ.. കൊച്ചു വതൂരി. നീയേ ലാലേട്ടന്റെ കൂടെ ഫോട്ടോ അല്ലെ എടുത്തിട്ടുള്ളൂ.. ഞാനേ.. ഞാനും അഭിനവ് ബിന്ദ്രയും കൂടി ഒന്നിച്ചു നിന്ന് മൂത്രം ഒഴിച്ചിട്ടുണ്ട് ട്ടാ… അതും എയർപോർട്ടിൽ വെച്ചു.. കളി ബേണ്ടാട്ടാ മോനൂസെ.. അടിച്ചു ഷേപ്പ് മാറ്റും ”

വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞപ്പോ എന്തൊരാശ്വാസം. അവന്റെ സ്റ്റാറ്റസ് തുറന്നു വീണ്ടും ഒന്ന് നോക്കിയിട്ട് സെറ്റിങ്സിൽ കേറി അവന്റെ സ്റ്റാറ്റസ് മ്യൂട്ട് ചെയ്തു.

—-ശുഭം —

3 thoughts on “ഫോട്ടോ എടുക്കുന്നതൊക്കെ ചീപ്പ് അല്ലെ സേട്ടാ..

    1. 😂 പുള്ളിയെ അടുത്ത തവണ കാണുമ്പോൾ പറയണം .. ബാക്ക് ഇൻ 2019 നമ്മൾ ഒരുമിച്ചു നിന്ന് 😅

      Like

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.