പദയാത്ര..

എങ്ങും എഴുത്തുകൾ ലേഖനങ്ങൾ ചിത്രങ്ങൾ .വിവിധങ്ങളായ ഭൂപ്രദേശങ്ങളിലൂടെയുള്ള കാഴ്ചകളുടെ രേഖാചിത്രങ്ങളും വർണ്ണനകളും യാത്രാനുഭവങ്ങളും ആണ് ചുറ്റും . സുഹൃത്തുക്കൾ അയച്ചു തരുന്നതും സമൂഹ മാധ്യമങ്ങളിൽ കാണുന്നതും യാത്രാവിവരണകുറിപ്പുകളിലും പല പുസ്തകങ്ങളിലായും ഒക്കെ എനിക്ക് ചുറ്റും കറങ്ങി കൊണ്ടേയിരുന്നു ,അല്ല കറങ്ങി കൊണ്ടേയിരിക്കുന്നു .

പലപ്പോഴും യാത്രകൾ പോകാൻ തോന്നാറുണ്ട് . അങ്ങനെ ഇന്ന ഒരു സ്ഥലം എന്നോ ഇന്ന തരം സ്ഥലം എന്നോ ഉള്ള നിബന്ധനകൾ ഉണ്ടാകാറില്ല . പുതിയ സ്ഥലങ്ങൾ തേടി പുതിയ ആളുകളെ പരിചയപ്പെട്ടു തനതു സംസ്കാരങ്ങൾ കണ്ടും കേട്ടും തൊട്ടും അറിഞ്ഞു ജീവിക്കാനും ഒക്കെയായുള്ള മോഹമാണ് . ചിലപ്പോഴ് ചരിത്രം ഉറങ്ങികിടക്കുന്ന മണ്ണുകളിൽ പോയി അവയൊന്നു അനുഭവിച്ചറിയണം എന്നുള്ള ആഗ്രഹമാണ്. മറ്റു ചില സന്ദർഭങ്ങളിൽ അത് ആരോ പറഞ്ഞു കേട്ട വശ്യ സൗന്ദര്യം തനിക്കും സ്വന്തമാകണം എന്ന സ്വാർത്ഥ മോഹമാണ്. നഗര ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം ആയിട്ടായിരിക്കും ചിലപ്പോഴെങ്കിലും ആ ചിന്തകൾ മനസ്സിലേക്ക് കേറുക എന്നതും മറ്റൊരു യാഥാർഥ്യം . അങ്ങനെ യാത്ര ഗമനോദ്ദേശ്യങ്ങൾ പലപ്പോഴും പലതാണ് .

ഒരു ആഗ്രഹം മനസ്സിൽ തോന്നി തുടങ്ങുന്നത് മുതൽ അത് സഫലീകരിക്കാൻ വേണ്ട അടിസ്ഥാന വിവര ശേഖരണം ആണ് . അവയോടനുബന്ധിച്ചുള്ള ഇന്റർനെറ്റ്‌ സർഫിങ്ങും ബ്ലോഗ് വായനയും വ്ലോഗ് തേടലും എല്ലാം മുറയ്ക്ക് നടക്കും. പക്ഷെ പിന്നീടങ്ങോട്ടുള്ള പാത എപ്പോഴും ദുഷ്‌കരമാണ് എനിക്ക്. ഒന്നെങ്കിൽ പോകേണ്ട തിയ്യതി നിശ്ചയിക്കുന്നതിൽ ഒരു ശങ്ക. ഇല്ലെങ്കിൽ ചിലവിനെക്കുറിച്ചുള്ള ഉത്കണ്ഠ .പൊതുവെ അവർ ഒരു വാശിക്കും എതിര് നിന്നിട്ടില്ലെങ്കിലും ഏതു ആഗ്രഹങ്ങൾ ആയാലും അച്ഛൻ അമ്മ ചേട്ടൻ ഇത്യാദികളോട് തുറന്നു പറയാൻ ഉള്ള ഒരു സങ്കോചം ഇക്കാര്യത്തിലും എനിക്കുണ്ട്. അത് മൂലം വീട്ടുകാർ ഈ ഉദ്യമത്തേ എതിർക്കുമോ എന്ന ഒരു പേടി . അതുമില്ലെങ്കിൽ ചെറുപ്പം മുതൽ കൂടെയുള്ള എന്തിനോടും ഏതിനോടും ഉള്ള ഒരു ഭയം . അങ്ങനെ കാരണങ്ങൾ പലതാണ് . ചിലയവസരങ്ങളിൽ യാത്രയ്ക്കായിട്ടുള്ള ഒരുക്കം വരെ പൂർത്തീകരിച്ചു കഴിയുമ്പോഴേക്കും മറ്റേതോ സ്ഥലത്തെക്കുറിച്ചു വായിച്ചു മനസ്സ് അതിലേക്കു പൂർണമായും വഴിമാറപ്പെട്ടു പോകാനിരുന്ന യാത്രകളും പോകാൻ കഴിയാതെ വന്നിട്ടുണ്ട് .

ഇപ്പോൾ ഇതൊക്കെ പറയാൻ എന്തുണ്ടായി എന്ന് ചോദിച്ചാൽ , ഉറ്റ സുഹൃത്ത് ദേശാന്തരങ്ങൾ കടന്നു ഹിമാലയ സാനുക്കളിൽ ഉള്ള ദുഷ്ക്കരങ്ങളായ മലനിരകൾ കീഴടക്കിയതിന്റെ സന്തോഷം വാക്കുകളിലൂടെ പകർന്നപ്പോഴ് , മാസങ്ങളായി ഈ ഒരു ലക്ഷ്യത്തിലേക്കായി സർവ്വതും ഏകീകരിച്ചു നടന്ന അവന്റെ നിശ്ചയദാർഢ്യം തനിക്കുമുണ്ടായിരുന്നെങ്കിൽ എന്ന് വ്യഥ ചിന്തിച്ചു പോയതാണ്. ആത്മ സാന്ത്വനത്തിനായി ഞാൻ അവസാനമായി പോയ യാത്രയെ കുറിച്ച് ഓർത്തെടുക്കാൻ ഇപ്പോഴ് ശ്രമിക്കുമ്പോൾ കഴിഞ്ഞ വർഷം ആകസ്മികമായി പോയ കുടജാദ്രി യാത്രയാണ് മനസ്സിലൂടെ മിന്നി മാഞ്ഞത്.

പലപ്പോഴായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നെങ്കിലും , ദേവിയെ തൊഴുതു അന്നദാനത്തിലും ഭാഗമായി കിട്ടിയ വണ്ടിക്കു തിരിച്ചു വരിക എന്ന പോളിസി ആണ് ഞങ്ങൾ സ്ഥിരമായി സ്വീകരിക്കാറു.പലപ്പോഴും കുടജാദ്രി വരെ പോയി സർവജ്ഞപീഠം സന്ദർശിക്കണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും നടന്നില്ലായിരുന്നു .

അങ്ങനെയിരിക്കെ കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിൽ ഒരു വെള്ളിയാഴ്ച. വിരസമായി കടന്നു പൊയ്ക്കൊണ്ടിരുന്ന ഓഫീസിലെ ഒരു ദിവസം .പണി തിരക്ക് ഒട്ടുമേ ഇല്ലാത്തതിനാൽ നേരത്തെയിറങ്ങിയെങ്കിലും ട്രാഫിക് എന്നേ എന്നത്തേയും പോലെ ചതിച്ചു .റൂം എത്തിയപ്പോഴ് ഏഴു മുക്കാൽ ആയി . കുളിക്കാൻ കേറിയ നേരത്താണ് വീക്കെൻഡ് എന്ത് ചെയ്യും എന്നാലോചിച്ചതു . ഞാറാഴ്ച ദിനം കബ്ബൺ പാർക്കിൽ ഒരു വാക്കത്തോൺ ഉണ്ട്. അതിനു പോണം എന്നൊരു പ്ലാനിലായിരുന്നു . ഏട്ടൻ സ്ഥലത്തില്ല .ഓർമ ശെരിയാണെങ്കിൽ ഓഫീസ് ആവശ്യത്തിന് അബുദാബിയിൽ പോയതാണെന്ന് തോന്നുന്നു.

കുളിക്കുമ്പോൾ പാട്ട് കേൾക്കുന്ന ഒരു അസുഖം ഇടയ്ക്കുള്ളത് അന്നെന്തോ നല്ലതിനായിരുന്നെന്നു തോന്നി . ‘സൗപര്ണികമൃത വീചികൾ പാടും ‘ എന്ന ഗാനം മുഴങ്ങിയതും മനസ്സിൽ ലഡ്ഡു പൊട്ടി . കുളി പെട്ടെന്നു നിർത്തി എന്നിട്ട് ഒരു മുണ്ടും ഷർട്ടും മറ്റു അത്യാവശ്യം വേണ്ടപ്പെട്ട ഐറ്റംസ് ഒക്കെ കൂടി ഇട്ടിട്ടു ഞാൻ മജെസ്റ്റിക്കിലേക്ക് ഒരു ഷെയർ ക്യാബ് പിടിച്ചു. പണ്ടെപ്പോഴോ രാത്രി അവിടെ മൂകാംബിക ബോർഡ്‌ വെച്ച പാട്ട വണ്ടികൾ കണ്ടിട്ടുണ്ട് .ആ ഓർമയിലാണ് ഇറങ്ങി തിരിച്ചത്. വിശ്വാസം അതല്ലെയെല്ലാം .

മജെസ്റ്റിക് എത്തിയിട്ട് “കൊല്ലൂർ ഹോഗ്വ ബസ് യാവ് പ്ലാറ്റഫോം അല്ലി ഇദേ ” എന്നൊരു കാച്ചു കാച്ചിയിട്ടു ബസ് കണ്ടുപിടിച്ചു . നല്ല ഉഗ്രൻ പറക്കും തളിക .ഫ്രണ്ട് സീറ്റിൽ കേറി കാലൊക്കെ വിസ്തരിച്ചു വെച്ചിട്ട് ഇരുന്നു.നല്ല വിശപ്പ്‌ . വെള്ളം ഒരു കുപ്പി കരുതിയത് ലാഭായി .ഈ തിരക്കിനിടയിൽ ഭക്ഷണത്തിന്റെ കാര്യം മറന്നു പോയിരുന്നു .ബസ് 9.30 kku പുറപ്പെട്ടു . മ്യാരക ഡ്രൈവിങ് ആയതോണ്ടും ബസ് ഫുൾ ആയതുകൊണ്ടും എവിടേം നിർത്തി കണ്ടില്ല .പുലർച്ചെ 5.15 ആയപ്പോഴേക്കും എത്തിച്ചു .

നേരെ ദേവസ്വം ഗസ്റ്റ് ഹൗസിലേക്കു ഓടി ഒരു റൂം ചോദിച്ചു . ഒറ്റയ്ക്കൊരു യുവാവിന് റൂം കൊടുക്കുന്നതിൽ അവർക്കു ബുദ്ധിമുട്ടുണ്ടായിരുന്നിരിക്കണം . ഡോർമിറ്ററി അനുവദിക്കാം എന്ന് പറഞ്ഞു . ഭാഗ്യത്തിന് 4 ഡോർമ് ഉള്ള മുറിയിൽ ഞാൻ മാത്രേ ഉണ്ടായിരുന്നുള്ളൂ .പെട്ടെന്നു കേറി കുളിച്ചു. എന്നിട്ട് അമ്പലത്തിൽ പോയി തൊഴുതു .

തൊഴുതു എന്ന് പറയുമ്പോഴ് , ആയിടയ്ക്കാണ്, കൃത്യമായി പറഞ്ഞാൽ അതിനു തൊട്ടു മുന്നേയുള്ള മണ്ഡലകാലം മുതൽക്കാണ് അമ്പലങ്ങളിൽ പോയാൽ എന്താ പ്രാര്ഥിക്കേണ്ടുന്നത് എന്നറിയാത്ത ഒരു ധർമ സങ്കടം ഉണ്ടായതു . ഭഗവാൻ നമ്മുടെ ആവശ്യങ്ങൾ കേട്ടു നമ്മൾ ഭണ്ഡാരത്തിൽ ഇടുന്ന നാണയതുട്ടുകൾക്കനുസൃതമായി ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സംഭവമാണ് എന്ന ധാരണ മാറികിട്ടിയതു . അന്ന് മുതൽ അമ്പലങ്ങളിൽ കാണിക്ക അർപ്പിക്കാറില്ല .പ്രാര്ഥിക്കേണ്ടുന്നത് എന്താണ് എന്ന് അറിയുകയുമില്ല . അപ്പോൾ പിന്നെ എന്തിനു അമ്പലത്തിൽ പോകുന്നു എന്നാണ് ചോദ്യമെങ്കിൽ , ഇഷ്ടമാണ് ..അത്ര തന്നെ.

പിന്നെ കൊല്ലൂരിൽ മൂകാംബിക ദേവിയുടെ അടുത്തെത്തുമ്പോഴ് മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ചു പല വൈവിധ്യങ്ങളും ഉണ്ട് . എത്ര കണ്ടു തിരക്കാണെങ്കിലും നാളിതുവരെ ആയിട്ട് ശ്രീകോവിലിന്റെ മുന്നിൽ നിൽക്കുമ്പോഴേക്കും പിടിച്ചു തള്ളി മാറ്റുന്ന പോലീസുകാരോ അമ്പലകമ്മിറ്റി നേതാക്കന്മാരോ അവിടെയില്ല . പോരാത്തതിന് അന്ന് തിരക്ക് തീരെയില്ലായിരുന്നു. അത് കൊണ്ട് കൺ കുളിർക്കെ കണ്ടു .നാളുകൾക്കു ശേഷം പ്രാർത്ഥിച്ചു , “മനസ്സിൽ തോന്നുമ്പോഴൊക്കെ ഇവിടം വരെ വരാൻ കഴിയുമാറാക്കണേ” എന്ന് . പ്രദക്ഷിണം വെച്ച് കഴിഞ്ഞതിനു ശേഷം പ്രധാന പരിപാടിയിലേക്ക് കടക്കേണ്ടിയിരുന്നു – പുട്ടടി. തലേദിവസം ഉച്ചയ്ക്ക് കഴിച്ചതാണ് (ആ സമയത്തു ഡൈറ്റിന്റെ അസുഖം ഉണ്ടായിരുന്നു .ഇനി ഫ്രൂട്ട് ബൗൾ എങ്ങാനാണോ കഴിച്ചതെന്ന് ഓർമയില്ല ). ഉഗ്രൻ ആയിട്ട് ഭക്ഷണം കഴിക്കണം എന്ന ചിന്തയിൽ പുറത്തിറങ്ങിയെങ്കിലും കുടജാദ്രിയിൽ പോകണം എന്ന പരമമായ ലക്ഷ്യത്തെ കുറിച്ചോർത്തപ്പോൾ കിട്ടിയ ബസിനു ചാടി കേറി . ഫോൺ മനഃപൂർവം എടുക്കാതിരുന്നതായിരുന്നു . അത് കയ്യിലുണ്ടെങ്കിൽ സെൽഫി എടുക്കാനും നാച്ചുറൽ ബ്യൂട്ടി പകർത്താൻ എന്ന മട്ടിൽ ഔട്ട്‌ ഓഫ് ഫോക്കസ് ആയിട്ടുള്ള പല ഫോട്ടോസും എടുക്കേണ്ടതായിട്ടു വരും . അതിനല്ലല്ലോ ഞാൻ ഇപ്പോൾ പോകുന്നത് എന്ന ചിന്ത മൂലം അതങ്ങോട്ടു ഉപേക്ഷിച്ചു .

അങ്ങനെ ഫോറെസ്റ്റ് ഗേറ്റ് വരെ ബസിൽ പോയി .അത് കഴിഞ്ഞെങ്ങോട്ടു പോകണം എന്ന് ചോദിച്ചു മനസ്സിലാക്കി നടക്കുമ്പോഴാണ് മൂന്നു ബൈക്കുകളിലായി നാല് പിള്ളേർ ബ്ലിങ്കസ്യാ അടിച്ചു നിൽക്കുന്നത് കണ്ടത് .അവർ ആദ്യമായിട്ടാണ് ഇവിടെ .പോരാത്തതിന് മലയാളം അല്ലാതെ വേറെ ഭാഷ വശമില്ല ,അപ്പോൾ ആളുകൾ പറ്റിക്കുമോ എന്ന പേടിയും . എന്നേ കണ്ടാൽ ഒരു ബംഗാളി ലുക്ക്‌ ഉള്ളതുകൊണ്ടോ എന്തോ അവർ ആദ്യം മൈൻഡ് ചെയ്തില്ല.

അവിടെ അടുത്തുള്ള കടയിൽ കേറി പൈൻആപ്പിൾ കഷണങ്ങൾ തിന്നുമ്പോഴാണ് അവർ വന്നു കുശലാന്വേഷണം നടത്തിയത് . സംസാരിച്ചപ്പോ നമ്മടെ സ്വന്തം കോഴിക്കോട്ട്ക്കാർ. സംഭവം ഞാൻ നീലേശ്വരതുന്നാണെങ്കിലും കോഴിക്കോട്ടാരും കണ്ണൂർക്കാരൊക്കെ നമ്മുടെ നാട്ടുകാരായിട്ടാണ് എനിക്ക് തോന്നാറുള്ളത്. മുഴുവൻ ദൂരവും കാട്ടിലൂടെ ട്രെക്ക് ചെയ്യാം എന്ന് കരുതിയിരുന്ന ഞാൻ ,അങ്ങനെ അവരുടെ കൂടെ , ഓഫ്‌റോഡ് വഴി തുടങ്ങുന്നത് വരെ ബുള്ളറ്റിൽ യാത്ര ചെയ്തു . അവിടുന്ന് പിന്നെ ട്രെക്ക് ആയിരുന്നു . NIT സുരത്കലിൽ നിന്നുമുള്ള പിള്ളേർ ഗൈഡ് ഒക്കെ ആയിട്ട് വന്നത് കൊണ്ട് കുറച്ചു നേരം അവരുടെ പുറകെ നടന്നു .

ഒരു ലെവെൽ കഴിഞ്ഞത് മുതൽ ഞങ്ങൾ അങ്ങോട്ട്‌ നടന്നു കയറി .കൂടെയുണ്ടായിരുന്ന ആരുടെയും പേരെനിക്കോര്മയില്ല .അട്ട കടി ഉണ്ടെന്നു അച്ഛൻ പണ്ട് പറഞ്ഞു പേടിപ്പിച്ചത് കൊണ്ട് ഞാൻ രണ്ടാമതായാണ് നടന്നത്. അതിപ്പെന്തിനായിരുന്നു എന്നാലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല . അങ്ങനെ ഞങ്ങൾ കയറി കയറി ഒരു 9.30 മണിയായപ്പഴേക്കും ഗുഹയ്ക്കകത്തുള്ള ഒരു കുഞ്ഞു ഗണപതി ക്ഷേത്രത്തിൽ എത്തി.

പൂജയും കാര്യങ്ങളും നടക്കുന്നുണ്ടായിരുന്നു . മറ്റുള്ളവരോട് കയറിക്കൊള്ളാൻ പറഞ്ഞിട്ട് ഞാൻ അവിടെ ഇരുന്നു . കുറച്ചധികം ഇരുന്നിരിക്കണം. ആകപ്പാടെ ഒരു ശാന്തത. കൺ തുറന്നപ്പോൾ നിറയെ ആൾക്കാർ. മുഖത്ത് നല്ല തേജസ്സുള്ള ഒരു സ്വാമി എന്റെയടുത്തിരിക്കുന്നു . ഞാൻ പെട്ടെന്ന് എഴുന്നേറ്റു അദ്ദേഹത്തിന്റെ കാലുകളിൽ തൊട്ടു വണങ്ങിയിട്ടു വീണ്ടും മല കയറി തുടങ്ങി.എന്തോ പെട്ടെന്ന് തോന്നിയതാണ് അങ്ങനെ ചെയ്യാൻ .

ജീപ്പിൽ കേറി വന്നവരൊക്കെ മലകയറുന്നതു ഇപ്പോൾ കാണാം .പക്ഷെ വെയിലായിരുന്നത് കൊണ്ട് ഞാൻ ഓടി കയറാൻ തീരുമാനിച്ചു .ഈ പോളിടെക്‌നിക്‌ പഠിക്കാത്തതിന്റെ കുഴപ്പമാണ് .പെട്ടെന്ന് ക്ഷീണിച്ചു . പൈൻ ആപ്പിൾ മോരും വെള്ളം ഇത്യാദി മൃതസഞ്ജീവനികൾ വിൽക്കുന്ന ചേച്ചിയെ കണ്ടതും ക്ഷീണമൊക്കെ മാറി .

അവിടുന്ന് ഞാൻ പിന്നെ സാവധാനം ചുറ്റുമുള്ള അത്ഭുത കാഴ്ചകൾ ഒക്കെ കണ്ടു കണ്ടു മുകളിലെത്തി .മുകളിൽ എന്ന് പറയുമ്പോൾ സർവജ്ഞപീഠതിങ്കൽ . ആദിശങ്കരനും അദ്വൈതവും അങ്ങനെ അവിടുള്ളതിനോട് ചേർത്ത് കേട്ട പല ചിത്രങ്ങളും മനസ്സിലൂടെ കടന്നു പോയി. നട്ടുച്ചയായിരുന്നെങ്കിലും ചെറിയൊരു ചാറ്റൽ മഴ ഉണ്ടായിരുന്നത് കൊണ്ട് ആ ഇളം തണുപ്പും കൊണ്ട് ഇരിക്കാൻ നല്ല സുഖമായിരുന്നു.

പീഠത്തിന്റെ ഒരു വശത്തിരുന്നു കുറേ നേരം ധ്യാനിച്ചു . ജ്ഞാനത്തിനു പേര് കേട്ട ആ ശൃങ്ഗങ്ങളിൽ സ്വന്തം അജ്ഞതകളെകുറിച്ചുള്ള ചില വെളിപാടുകൾ ഉണ്ടായി .അത് അവിടുന്ന് ഇങ്ങോട്ട് ഇന്നോളം ഉള്ള ജീവിതത്തിൽ ഊർജ്ജം ആയി തന്നെ നിലകൊള്ളുന്നു .

ഏതോ ലോകത്തിരുന്ന എന്നേ കൊയ്‌ക്കോട്ടെ ചെക്കന്മാരു വിളിച്ചു .അവരെടുത്ത കുറേ നല്ല ചിത്രങ്ങൾ കാണിച്ചു. കുറേ നാട്ടുവർത്തമാനം പറഞ്ഞു .ഞങ്ങൾ മലബാറുകാർക്കു അത് മസ്റ്റ് ആണ് . എന്നിട്ട് വീണ്ടും ഞാൻ അവിടുന്ന് വലിഞ്ഞു .

കുറച്ചു മാറിയിരുന്നു, ആ പീഠത്തിൽ ഇരിക്കുന്ന ,പൂജാരിയുടെ കയ്യിലെ മണിയുടെ മുഴക്കം കേട്ടപ്പോഴ് ഒരു മോഹം. ‘പദയാത്ര ‘ കേൾക്കാൻ . ജോബ് കുര്യനും ഹരീഷ് ശിവരാമകൃഷ്ണനും മറ്റനേകം കലാകാരന്മാരുടെ മുഴുവൻ സംഗീതവും അലിയിച്ചു ചേർത്തുണ്ടാക്കിയ ആ പാട്ട് കേൾക്കണം എന്ന കലശലായ ആഗ്രഹമാണുണ്ടായത്. ഫോണില്ലാത്ത ഞാൻ അവന്മാരോട് ചോദിച്ചു .പക്ഷെ കുടജാദ്രിയിലെന്തു അംബാനി .നെറ്റ്‌വർക്ക് ഇല്ല ഒന്നിനും. കാര്യം പറഞ്ഞപ്പോഴാണ് ഒരുത്തന്റെ കയ്യിൽ പാട്ടിന്റെ MP3 ഉണ്ടെന്നറിഞ്ഞത് . മുഴുവൻ വോള്യത്തിൽ കണ്ണുമടച്ചു കേട്ടിരുന്നു. അങ്ങനെ മുഴുവനും കേട്ടു കേട്ടു മുഴുകി ഇരുന്നു.

തിരിച്ചു ഓഫ്‌റോഡ് വഴിയിലൂടെ ജീപ്പിൽ ഇറങ്ങി.മ്യാരക യാത്ര. അങ്ങോളം അതിലങ്ങു പോകാം എന്ന് കരുതിയതായിരുന്നു . പക്ഷെ അവന്മാരുടെ ബൈക്ക് വെച്ച സ്ഥലമെത്തിയപ്പോഴ് അവിടെയിറങ്ങി . ഡ്രൈവർ ചേട്ടനെ നോക്കി ഒരു സല്യൂട്ട് അടിക്കണം എന്ന് കരുതിയതായിരുന്നു . നടന്നില്ല. ഇറങ്ങുന്ന വഴിയിൽ എവിടെയോ ഒരു കുഞ്ഞു വെള്ളച്ചാട്ടം കണ്ടു അവിടെയിറങ്ങി ഒന്ന് മുങ്ങി ഫ്രഷ് ആയി വണ്ടിയിൽ കയറി ഏഴു മണിയാകുമ്പോ തിരിച്ചെത്തി അമ്പലത്തിൽ. അവരോടു നന്ദി പറഞ്ഞു റൂമിൽ പോയി വീണ്ടും ഒന്ന് കുളിച്ചു. അന്ന് രാത്രി പോകണോ പിറ്റേന്ന് പോകണോ എന്ന കണ്ഫ്യൂഷന് ശേഷം ഒടുവിൽ അന്ന് തന്നെ തിരിക്കാൻ തീരുമാനിച്ചു.

വീണ്ടും പോയി അമ്മയെ തൊഴുതു അന്നദാനമണ്ഡപത്തിൽ കയറി നല്ല ചൂട് ഭക്ഷണം കഴിച്ചു. അന്നത്തെ ആദ്യത്തെ അന്നം ആണ് എന്ന് വേണമെങ്കിൽ പറയാം. അന്ന് ആഹാരം കഴിച്ചപ്പോൾ കിട്ടിയ ആ സംതൃപ്തി.ഹോ …

തിരിച്ചു വീണ്ടും, കിട്ടിയ കർണാടക SRTC-യിൽ കയറി. മജെസ്റ്റിക് ഇറങ്ങി.സിറ്റി ബസിൽ കേറി .വീണ്ടും ഒരു കിറുക്ക്‌ തോന്നി കബ്ബൺ പാർക്കിൽ ഇറങ്ങി. നേരത്തെ പറഞ്ഞ വാക്കതോണിന്റെ പരിപാടിക്ക് പോയി . മൂന്നു കിലോമീറ്റർ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തു. അവർ കയ്യിൽ പിടിക്കാൻ തന്ന ആ പ്ലക്കാർഡ് വായിക്കുക പോലും ചെയ്യാതെ ഞാൻ നടന്നു . നീണ്ടു കിടന്ന വഴികളിൽ അപരിചിതർക്കിടയിലൂടെ ഏകാന്ത പഥികനായി ഞാൻ നടന്നു. ക്ഷീണിച്ച കാലുകൾക്കു ഊർജം പകരാൻ യൂട്യൂബും തുറന്നു ‘‘പദയാത്ര’യും കേട്ടു കൊണ്ട്…

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.